ഭൂമിശാസ്ത്രം

             കൊണ്ടോട്ടി താലൂക്കിലെ കൊണ്ടോട്ടി ബ്ലോക്കില്‍ ചീക്കോട്, വാഴക്കാട്, വാഴയൂര്‍, ചെറുകാവ്, പള്ളിക്കല്‍ പഞ്ചായത്ത് പ്രദേശങ്ങള്‍ അതിര്‍ത്തികളായിട്ടുള്ള 28.2 ച. കി മീ വ്യാപിച്ചുകിടക്കുന്നതാണ് പുളിക്കല്‍ ഗ്രാമപഞ്ചായത്ത്. ഉയര്‍ന്നും താഴ്ന്നും നിരപ്പായതും ഉള്‍കൊള്ളുന്ന വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിയാണ് പഞ്ചായത്തിനുള്ളത്. ഭൂമി ശാസ്ത്രപരമായി പ്രധാനമായും രണ്ട് മേഖലകളില്‍ വ്യാപിച്ചുകിടക്കുന്നതാണ് പഞ്ചായത്ത് ഭൂപ്രദേശം. 
                   ചെങ്കല്‍, കരിങ്കല്‍ പാറകളും റബ്ബര്‍ തോട്ടങ്ങളും കരിമ്പാറകെട്ടുകളും തെങ്ങ്, കമുക് വളരുന്ന പ്രദേശങ്ങളും വയലുകളും കൊണ്ട് സമ്പുഷ്ടമാണിവിടം. കോഴിക്കോട്- പാലക്കാട് റോഡ് പഞ്ചായത്തിന്‍റെ തെക്കെ ഓരത്തെ രണ്ടായി ഭാഗിച്ച് കടന്ന് പോകുന്നു. വടക്ക് മലകളും ചെറു കുന്നുകളും ചെരിവുകളും പാടശേഖരങ്ങളും കിഴക്ക് പടിഞ്ഞാറ് തെക്ക് ഭാഗങ്ങളില്‍ ചെറുകുന്നുകളും പറമ്പുകളും വയലുകളുമാണ്. ആല്‍പറമ്പ്, മുഴങ്ങല്ലൂര്‍, കൊടികുത്തിപറമ്പ്, തലേക്കര, ആലുങ്ങല്‍, പുളിക്കല്‍, കൊട്ടപ്പുറം, നൂഞ്ഞല്ലൂര്‍, വലിയപറമ്പ്, ചെറുമുറ്റം, ഉണ്ണ്യത്തിപറമ്പ്, ആന്തിയൂര്‍കുന്ന്, ചെവിട്ടാണിക്കുന്ന്, മായക്കര, അരൂര്‍, തമ്പാറപറമ്പ്, പുതിയേടത്തപറമ്പ്, പനച്ചികപള്ളിയാളി, മങ്ങാട്ടുമുറി, തോണിക്കല്ലുപ്പാറ എന്നിവയാണ് പഞ്ചായത്തിലെ പ്രധാന പ്രദേശങ്ങള്‍. 
                           ഭൂപ്രകൃതിയനുസരിച്ച് പഞ്ചായത്തിന് സമതലം, ചെറിയ ചെരിവ്, കുന്നിന്‍ മണ്ട, ഉയര്‍ന്ന പ്രദേശം, കുത്തനെ ചെരിവ്, താഴ്വര എന്നിങ്ങനെ ആറായി തരം തിരിക്കാം. മൊത്തം ഭൂപ്രകൃതിയുടെ 52 ശതമാനം സമതലവും 33 ശതമാനം ചെരിഞ്ഞ മലമ്പ്രദേശങ്ങളും 15 ശതമാനം കുന്നിന്‍ മണ്ടയുമാണ്. 
        ഭൂമിശാസ്ത്രപരമായ കിടപ്പുകൊണ്ട് തന്നെ പഞ്ചായത്തിന്‍റെ ഒരറ്റത്ത് നിന്ന് മറ്റൊരു ഇടം വരെ എത്താന്‍ രണ്ടോ മൂന്നോ പഞ്ചായത്തുകളിലൂടെ കിലോമീറ്ററുകളോളം യാത്ര ചെയ്യണം. ഒരു കാലത്ത് വന സമ്പുഷ്ടമായിരുന്ന മേഖലകളായിരുന്നു പഞ്ചായത്തിന്‍റെ വടക്ക് പടിഞ്ഞാറ് ഭാഗം. നായാട്ടിന് പേരു കേട്ട പ്രദേശങ്ങള്‍ കൂടിയായിരുന്നു ഇത്. കൃഷിയോഗ്യമായ പ്രദേശങ്ങള്‍ ഭൂരിഭാഗവും സമതല പ്രദേശങ്ങളിലാണ്. ഇവിടെ നെല്ല്, കമുക്, വാഴ, തെങ്ങ്, റബ്ബര്‍ മറ്റു തോട്ട വിളകളും കൃഷി ചെയ്യുന്നു.